യുവമനസ്സുകളിലൂടെ ഒരു നദിയെ നിലനിർത്തുന്നു (In Malayalam)

By റോഷ്നി കുട്ടിonOct. 12, 2022in Environment and Ecology

Written specially for Vikalp Sangam (വികൽപ് സംഗത്തിന് വേണ്ടി പ്രത്യേകം എഴുതിയത്)

(Sustaining a river through young minds)

By Roshni Kutty, originally in English

കേരളത്തിലെ പാലക്കാട് ജില്ലയിലെ അഹല്യ ഹെറിറ്റേജ് വില്ലേജിലെ പ്രകൃതി മനോഹരമായ അന്തരീക്ഷം കുട്ടികളുടെ വേനൽക്കാല ക്യാമ്പ് നടത്താനുള്ള ഉചിതമായ പശ്ചാത്തലം നൽകി. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴയന്നറിയപ്പെടുന്ന നിള. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവജനസംഘം പുതുതലമുറയെ നിളയുടെ സംരക്ഷണപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. നാടൻപാട്ടുകൾ, കലകൾ, കരകൗശലവസ്തുക്കൾ, ഉപജീവനമാർഗങ്ങൾ, ഭക്ഷണം തുടങ്ങിയവയാൽ സമൃദ്ധമായ ഒരു സംസ്കാരം സൃഷ്ടിക്കാൻ ഭാരതപ്പുഴ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാലാണ് തൃശൂർ ആറങ്ങോട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വയലി എന്ന സർക്കാരിതര സംഘടന (www.vayali.org, www.facebook.com/vayaligroup) അവരുടെ AlterSchool (https://alterschool.wordpress.com) പ്രോഗ്രാം വഴി ഇതേ കലയും, സംസ്കാരവും, പാരിസ്ഥിതിക വിദ്യാഭ്യാസത്തിനോട് തുന്നിചേർത്ത് സ്കൂൾ, കോളേജ് വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

കേട്ടുപഴകിയ മറ്റൊരു വേനൽക്കാല ക്യാമ്പ് മാത്രമായി വായനക്കാരൻ ഇതിനെ എഴുതിത്തള്ളുന്നതിന് മുമ്പ്, വയലിയുടെ ശ്രമങ്ങൾ പരിചയപ്പെടേണ്ടതുണ്ട്. കാരണം, അവരുടെ നദീസംരക്ഷണ വിദ്യാഭ്യാസ പരിപാടികൾ വെറും ചടങ്ങിനുമാത്രമുള്ള ഒറ്റത്തവണ പരിശ്രമങ്ങളായി ഒതുങ്ങാതിരിക്കാൻ അവർ ശ്രദ്ധാലുക്കളാണ്‌. നിളാനദീതീരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ ഒറ്റപ്പെട്ട എൻഎസ്എസ് ക്യാമ്പുകളിലൂടെയാണ് അവർ വിദ്യാഭ്യാസ മേഖലയിലുള്ള പ്രവർത്തനങ്ങളിലേക്ക് ചുവടുവെച്ചതെങ്കിലും, നദീസംരക്ഷത്തിൽ യുവാക്കളെ പങ്കാളികളാക്കാനുള്ള സുസ്ഥിരമായ മാർഗ്ഗമല്ല ഇതെന്ന് വയലി വളരെവേഗം മനസ്സിലാക്കിയിരുന്നു. 

പാലക്കാട്ടെ അഹല്യ ഹെറിറ്റേജ് വില്ലേജിലെ കാഴ്ചകൾ

ചരിത്രം 

വിനോദ് നമ്പ്യാരും സുഹൃത്തുക്കളും 2004ൽ നാടൻപാട്ടുകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി തുടങ്ങിയതാണ് വയലി. Alterschool പ്രോഗ്രാം ഫൗണ്ടറായ ശരത് കഴിഞ്ഞ 12 വർഷമായി വയലിയുടെ ഭാഗമാണ്. 2018ൽ Pravah ഓർഗനൈസേഷൻ സാമൂഹിക പ്രവർത്തകരായ യുവസംരംഭകർക്ക് വേണ്ടി നടത്തിയ ഇൻറർനാഷനൽ സിറ്റിസൺ സർവീസ് (ICS) എന്ന നേതൃത്വ പഠന ക്യാമ്പിൽ വച്ച് ശരത്തിനെ പരിചയപ്പെട്ട രാകേഷ് തുടർന്ന് വയലിയുടെ ഭാഗമായി. കുരുത്തോല വച്ച് കളിപ്പാട്ടങ്ങൾ ഉണ്ടാക്കാൻ സ്കൂൾ കുട്ടികൾക്ക് പരിശീലനം നൽകുന്ന ഒരു കൂട്ടായ്മയായാണ് Alterschool ന്റെ തുടക്കം.

ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ആദ്യത്തെ നദീസംരക്ഷണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത് ഭാരതപ്പുഴയുടെ തീരത്തുനിന്ന് ‘ഭാരതപ്പുഴ സംരക്ഷണ സമിതി’യെന്ന കൂട്ടായ്മയാണ്. 2016 മുതൽ ഈ കൂട്ടായ്മയുടെ കൺവെൻഷനുകളിൽ പങ്കെടുത്തുപോരുന്ന വയലിക്ക് പ്രാദേശിക പങ്കാളിത്തവും യുവാക്കളുടെ സാന്നിധ്യവും ഈ വേദിയിൽ തുലോം തുച്ഛമാണ് എന്ന് മനസ്സിലാക്കാനായി. നിളാനദിയുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാവി ഈ രണ്ടുകൂട്ടരുടെ പങ്കാളിത്തത്തിൽ ആശ്രയിച്ചിരിക്കുന്നു എന്ന ബോധ്യം വയലിക്കുണ്ടായി. ഇതിലേക്കുള്ള ആദ്യത്തെ ചുവടെന്ന നിലയ്ക്ക് 2017 ഡിസംബറിൽ നിളാ നദിയുടെ തീരത്തെ സ്‌കൂളുകളിൽ നടന്ന NSS ക്യാമ്പുകളിൽ ഒരു സർവ്വേ നടത്തപ്പെട്ടു. അതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് യുവാക്കൾക്ക് നദിയുടെ ദുരവസ്ഥയെ പറ്റി ബോധവാന്മാരാണ്, എന്നാൽ അതിനായി പ്രവർത്തിക്കാൻ തക്കതായ ഇടമോ മാർഗ്ഗനിർദ്ദേശങ്ങളോ ലഭിക്കുന്നില്ല എന്നതാണ്. 

നാഷണൽ സർവ്വീസ് സ്‌കീം (NSS) ക്യാമ്പുകൾ നടതുന്നത് പ്രത്യേകമായ ഒരു ലക്ഷ്യത്തോടെയല്ലെന്നും അവർക്ക് ഈ സർവ്വേയിലൂടെ മനസ്സിലായി. തുടർന്ന് ജില്ലതലത്തിലെ കോർഡിനേറ്റർമാരോട് നദീസംരക്ഷണം എന്ന ലക്ഷ്യത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുവാനുള്ള ഒരു നിർദേശം വയലി മുന്നോട്ടുവെച്ചു . സ്കൂൾ തലത്തിലെ NSS കോർഡിനേറ്റർമാർ നദീസംരക്ഷണത്തിനായിട്ടൊരു പ്രവർത്തി കേന്ദ്രിത മോഡ്യൂൾ തങ്ങൾക്ക് വേണ്ടി സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്നാണ് നദിയുടെ സംരക്ഷണത്തെക്കുറിച്ച് ഒരു വിദ്യാഭ്യാസ മൊഡ്യൂൾ എന്ന ആശയം ഉരുവം കൊള്ളുന്നത്. ഡൽഹിയിൽ വച്ചുനടന്ന “ജാഗരിക് ഗെയിം ഓഫ് പ്രവാഹ്” എന്ന ക്യാമ്പിലൂടെ വയലിയുടെ പ്രവർത്തകരായ ശരത്തിനും രാകേഷിനും തങ്ങളുടെ ആശയത്തിന് ശക്തിപകരാൻ വേണ്ട പിന്തുണയും ലഭിച്ചു. 

ഇതിൽനിന്നാണ് 2017ൽ കുട്ടികളെയും യുവാക്കളെയും ക്രിയാത്മകമായും ഭാവനാത്മകമായും തുറന്നുചിന്തിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ AlterSchoolന്റെ ആരംഭം. 9 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു ആൾട്ടർസ്‌കൂളിന്റെ ടാർഗറ്റ് ഗ്രൂപ്പ്. കുട്ടികളിലെ അഭിരുചികൾക്കും താല്പര്യങ്ങൾക്കും പിന്തുണ നൽകി, പൊതുവിടങ്ങൾ സൃഷ്ടിച്ചുകൊണ്ടും ഇത് നേടിയെടുക്കാൻ ആയിരുന്നു ശ്രമം. കൂട്ടായിച്ചേർന്ന് ജൈവവൈവിധ്യ രജിസ്റ്ററുകൾ തയ്യാറാക്കുക, നദിയുമായി ബന്ധപ്പെട്ട നാടോടിക്കഥകൾ ഡോക്യുമെന്റ് ചെയ്യുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുക, പ്രകൃതി ക്ലബ്ബുകൾ, കാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുക തുടങ്ങിവയിലൂടെയാണ് ഈ യാത്ര വിഭാവനം ചെയ്യപ്പെട്ടത്. നദീസംരക്ഷണത്തെപ്പറ്റി ആശങ്കയുള്ള സ്കൂൾ/കോളേജ് വിദ്യാർത്ഥികളെ ചേർത്ത് “പുഴക്കൂട്ടങ്ങൾ” സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനുപുറമേ സ്‌കൂൾ/കോളേജ് എൻഎസ്എസ് യുവജന സംഘത്തിന് പുറത്ത്, “പുഴയാളികളെ” സൃഷ്ടിക്കാൻ വയലി പദ്ധതിയിട്ടു – ഗ്രാമങ്ങളിലെ യുവാക്കൾക്ക് നദിക്കായി നടപടിയെടുക്കാൻ ഒരു കൂട്ടായ ഇടമായിരുന്നു ഇത്. നദീതീരത്തെ വ്യത്യസ്ത സ്ഥലങ്ങളിൽ, വ്യത്യസ്‌ത സംഘടനകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന യുവാക്കൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനും ഒത്തുചേരാനുമുള്ള ഇടമായാണ് ഈ രണ്ട് കൂട്ടായ്മകളും വിഭാവനം ചെയ്തിരിക്കുന്നത്. ഈ കൂട്ടായ്മകളുടെ ഉടമസ്ഥത വയലിക്ക് മാത്രമല്ല, മറ്റുള്ള വ്യക്തികളുടെയും കൂടെയാണെന്ന് വിനോദ് നമ്പ്യാർ ഉറപ്പിച്ചു പറയുന്നു. ചുരുക്കത്തിൽ, അണമുറിയാതെ പുഴയ്ക്കുവേണ്ടിയുള്ള കൂട്ടായ്മകൾ ഒത്തുചേർത്ത് അതിലൂടെ നദിയ്ക്കുവേണ്ടി യുദ്ധം ചെയ്യാനൊരു സൈന്യത്തിനെ സ്വരുക്കൂട്ടുക എന്നതാണ് വയലിയുടെ ലക്ഷ്യം. 

ലക്ഷ്യങ്ങൾ

നദീസംരക്ഷണ വിദ്യാഭ്യാസ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്: 1) നദിയുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, പാരിസ്ഥിതിക തലങ്ങളിൽ വിദ്യാർത്ഥികളുമായി നടത്തേണ്ട പ്രവർത്തനങ്ങൾ, 2) തുടർ പ്രവർത്തനങ്ങൾ, 3) അധ്യാപകർ പിന്തുടരേണ്ട ഫീഡ്ബാക്ക് നടപടിക്രമങ്ങൾ എന്നിവയാണ്. ഈ മൊഡ്യൂളുകൾ സ്‌കൂൾ അധ്യാപകർക്ക് വിതരണം ചെയ്യുകയും, തുടക്കത്തിൽ പത്ത് സ്‌കൂളുകളിൽ നിന്ന് അവരുടെ ക്ലാസിന്റെ ലക്ഷ്യങ്ങൾ സജ്ജീകരിച്ചതിന് ശേഷം ഈ സെഷനുകൾ നടത്താൻ അവരെ പ്രേരിപ്പിക്കുകയും, പ്രവർത്തനങ്ങളിൽ അവരെ പിന്തുണക്കുകയും, പിന്നീട് ഒരു ഫോളോ-അപ്പ് നടത്തുകയും ചെയ്യും. ഇതിനുശേഷം, അടുത്ത അധ്യയന വർഷത്തേക്കുള്ള മൊഡ്യൂൾ മികച്ചതാക്കാൻ അധ്യാപകരുമായി അവലോകന യോഗങ്ങളും നടത്തുന്നതായിരിക്കും. സമഗ്രവും സുസ്ഥിരവുമായ ആശയങ്ങൾ കൈമാറാൻ ആൾട്ടർസ്‌കൂളിൽ അവർക്ക് ഇടമുണ്ടെന്ന് യുവാക്കളെ അറിയിക്കുകയാണ് ഈ മൊഡ്യൂളിന്റെ പ്രധാന ലക്ഷ്യം.

ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന നാല് വ്യത്യസ്ത വേനൽക്കാല ക്യാമ്പുകളിലൂടെ ഈ നദീസംരക്ഷണ വിദ്യാഭ്യാസ മൊഡ്യൂൾ ഇപ്പോൾ പരീക്ഷിച്ചുവരികയാണ്. സമ്മർ ക്യാമ്പുകൾ മറ്റ് സംഘടനകൾ സ്വയം സംഘടിപ്പിക്കുന്നുണ്ട്, എന്നാൽ ഈ ക്യാമ്പുകളുടെ കാതലായ വിവരങ്ങൾ വയലിയിലെ ആൾട്ടർസ്‌കൂൾ ഗ്രൂപ്പാണ് നൽകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിവിധ വേനൽക്കാല പ്രവർത്തന ക്യാമ്പുകൾക്കുള്ള സാങ്കേതിക വൈദഗ്ദ്ധ്യം Alterschool നൽകുന്നു. റിസോഴ്‌സ് പേഴ്സണുകൾ വയലിയുടെ മറ്റ് യൂണിറ്റുകളിൽ നിന്ന് എത്തിച്ചേരുന്നു – അതിനാൽ ക്യാമ്പ് നടത്തുന്നതിന് പുറമേനിന്ന് ആരെയും ആശ്രയിക്കേണ്ടാത്ത തരത്തിൽ അത് സുസ്ഥിരമാക്കുന്നു. ഉദാഹരണത്തിന്, മഡ് പെയിന്റിംഗ്, മൺപാത്ര നിർമ്മാണം എന്നിവ ക്രാഫ്റ്റ് യൂണിറ്റിലെ ഗോപാലനും, വയലിയിലെ ഫോക്ക്‌ലോർ യൂണിറ്റിലെ സജീവനും സംഘവും നാടൻ പാട്ടുകളും, കൈകാര്യം ചെയ്യുന്നു. 

നദീ ബോധവൽക്കരണ പ്രവർത്തനങ്ങൾ

നിളാ നദിയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ ആൾട്ടർസ്‌കൂൾ പ്രോഗ്രാം എങ്ങനെയാണ് സഹായിക്കുന്നത്? പുഴയാളി സമ്മർ ക്യാമ്പ് സന്ദർശിച്ചപ്പോൾ, പുഴയുടെ വിവിധ വശങ്ങൾ കുട്ടികൾ പതുക്കെ പരിചയപ്പെടുത്തുന്നതിന്റെ രസകരമായ വിവിധ വഴികൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പുഴയെ പരിചയപ്പെടുത്തൽ 

സമ്മർ ക്യാമ്പിന്റെ ആദ്യ ദിനം ആരംഭിച്ചത് കുട്ടികളെ (6-18 വയസ്സിനിടയിൽ പ്രായമുള്ളവർ) നിള നദിയെ പരിചയപ്പെടുത്തുകയും നദീതീരത്തെ നിരവധി ജനസമൂഹങ്ങളെ അവൾ എങ്ങനെ പരിപാലിക്കുന്നു എന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടാണ്. നദിയെയും അതിനെ ആശ്രയിക്കുന്ന സമൂഹങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകിയത് വയലിയുടെ ഗവേഷണ വിഭാഗമായ The Initiative for NiLa Action Group അഥവാ TeNAG എന്ന ചുരുക്കപ്പെരുള്ള സംഘമാണ്. 

നിളാനദി കല്പാത്തി ഗ്രാമത്തിൽ

ഗ്രാമ സന്ദർശനവും സർവ്വേയും 

ഫീൽഡ് ഡാറ്റ ശേഖരിക്കുന്ന യുവ ഗവേഷകർ (ഫോട്ടോ കടപ്പാട് ശരത് കെ. ആർ.)

കുട്ടികളെ ഗ്രൂപ്പുകളായി വിഭജിക്കുകയും അവർ അതേ ദിവസം സന്ദർശിക്കുന്ന ഗ്രാമത്തിൽ ചോദിക്കേണ്ടുന്ന പ്രത്യേക ചോദ്യാവലി നൽകുകയും ചെയ്തു. ഓരോ ഗ്രൂപ്പിനും മുതിർന്ന കുട്ടികളായ ടീം ലീഡർമാർ ഉണ്ടായിരുന്നു. ടീമിനെ ഗ്രാമത്തിലേക്ക് നയിക്കാനും അവരുടെ കുടിവെള്ള സ്രോതസ്സുകളെയും, വെള്ളവുമായി ബന്ധപ്പെട്ട് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും കുറിച്ച് ഗാർഹിക സർവേകൾ നടത്താനും ലീഡർമാരെ ചുമതലപ്പെടുത്തി. ഗ്രാമസന്ദർശനത്തിലൂടെ നടത്തിയ ഈ “ഗവേഷണ പ്രവർത്തനത്തിന്റെ” അവസാനം, ഈ പ്രവർത്തനത്തെക്കുറിച്ചുള്ള വളരെ ഹ്രസ്വമായ ഒരു പ്രതികരണം (ഫീഡ്ബാക്ക്) രേഖപ്പെടുത്താൻ കുട്ടികളോട് ആവശ്യപ്പെട്ടു, അത് ഒരു ചാർട്ടിൽ ശേഖരിക്കുകയും ചെയ്തു.

ചെറിയ കടലാസ് കഷ്ണങ്ങളിൽ യുവമനസ്സുകൾ ശേഖരിച്ച കഥകളും കാര്യവിവരങ്ങളും

ഗ്രാമസന്ദർശനങ്ങളിൽ നിന്ന് അനുഭവിച്ചത്: കണ്ടതും കേട്ടതും മണത്തതുമെല്ലാം കുട്ടികൾ വിവരിക്കുന്നു

ഈ പോസ്റ്ററുകളിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാൽ കുട്ടികൾ നേടിയ അറിവിന്റെയും അനുഭവിച്ച വികാരങ്ങളുടെയും അടിയൊഴുക്ക് കാണാൻ സാധിക്കും. കുട്ടികളവരുടെ സാധാരണ ജീവിതത്തിൽ അടുത്ത് പരിചയപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തിന്, മറ്റാരേക്കാളും നന്നായി മരിക്കുന്ന ഒരു നദിയെപ്പറ്റി അവർക്ക് പറഞ്ഞുകൊടുക്കാനാകും. ഒരു നദിയുടെ മരണമെങ്ങനെയാണ് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നത് എന്നതിനൊപ്പം, ജലമെന്ന അപൂർവ്വ വിഭവത്തെ സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അവർ പഠിക്കുന്നു. അതിനൊപ്പം ഈ കുരുന്നുകൾക്ക്, ആവശ്യത്തിലേറെ ജലം കുടിക്കാനും അല്ലാതെയും ഉപയോഗിക്കാൻ കഴിയുന്ന തങ്ങളെത്ര ഭാഗ്യമുള്ളവരാണ് എന്നും മനസിലാകാൻ കഴിയുന്നു. 

ഗ്രാമ സന്ദർശനത്തിൽ നിന്നുള്ള അനുഭവങ്ങൾ ചർച്ച ചെയ്യുന്ന ഒരു സംഘം കുട്ടികൾ 

മണ്ണുകൊണ്ടു വരയ്ക്കാം 

കുട്ടികളെ വളരെയധികം വൈകാരികമായി ബാധിക്കുന്ന കഠിനമായ ഈ പ്രവർത്തനത്തിനുശേഷം, അല്പം ആശ്വാസവും ആനന്ദവുമായി മണ്ണുകൊണ്ടുള്ള ചിത്രകലയിലേക്ക് കടക്കും. വരയ്ക്കുന്നതിന് മുൻപ് ആ മണ്ണ് നദിയുടെ അടിത്തട്ടിൽ നിന്നെടുത്തതാണെന്ന് അവരോട് അറിയിക്കുന്നു. തമിഴ്നാട്ടിലെ ആനമലയുടെ മുകളിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങളെടുത്ത് പാറയിൽ നിന്ന് നിളാ നദിയിലൂടെയൊഴുകിയൊഴുകി, പൊടിഞ്ഞുപൊടിഞ്ഞു മണ്ണാകുന്നതെന്നും, നദീതീരത്തെ “കുംഭാരർ” എന്ന കുശവ വിഭാഗത്തിന്റെ കൈകളിലൂടെ ചെളിയായി അതെങ്ങനെ കുറേ മനുഷ്യരുടെ ഉപജീവനത്തിന് സഹായിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കുന്നു. പാറകളിലെ വിവിധ മൂലകങ്ങൾ ചെളിക്ക് വിവിധ നിറങ്ങൾ നൽകുന്നതെങ്ങനെയെന്നും അവരോട് വിശദീകരിക്കുന്നു. ഈ നിറങ്ങളെല്ലാം കുട്ടികൾ അവരുടെ ഭാവനക്ക് അനുസരിച്ച് ഉപയോഗിക്കുന്നു. ഒരു ചിത്രം ഒരായിരം വാക്കുകൾ സംസാരിക്കുമെന്ന വാക്യം മനസ്സിൽ വച്ച് കുഞ്ഞുമനസ്സുകളിൽ വിരിഞ്ഞ ചിത്രങ്ങൾ ചിലതിവിടെ പങ്കുവയ്ക്കുന്നു. 

മണ്ണ് വര പ്രവർത്തനത്തിൽ നിന്നുള്ള മനോഹരമായ ചില പ്രദർശനങ്ങൾ

കളിമണ്ണും ക്ലേ മോഡലിങ്ങും 

പശ്ചിമഘട്ടത്തിലെ പർവതനിരകളിൽ നിന്ന് നിളാ നദി ചുമന്നുകൊണ്ടുവന്ന കളിമണ്ണിൽ നിന്ന് മൺപാത്രങ്ങൾ രൂപപ്പെടുത്തി അവരുടെ ഉപജീവനം നടത്തുന്ന കുശവർ, നദിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ആറങ്ങോട്ടുകരയിലെ കുശവ സമുദായാംഗവും വയലിയുമായി ഏറെനാളത്തെ പരിചയവുമുള്ള ശ്രീ ഗോപാലാണ് മൺപാത്ര നിർമാണം കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. അവരുടെ പ്രവർത്തനങ്ങൾ മുൻപൊരു ലേഖനത്തിൽ കൂടുതൽ വിശദമായി വിവരിച്ചിട്ടുണ്ട്:

https://vikalpsangam.org/article/nila-a-river-and-its-relationships/#.XRba5-gzY2x

മൂതിർന്നുപോയവർക്ക് പോലും കളിമണ്ണിൽ കളിക്കുന്നതും ഓരോരോ രൂപങ്ങൾ ഉണ്ടാക്കുന്നതും അതീവ സന്തോഷം നല്കുന്നു. ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ രൂപങ്ങളുടെ ഒരു നീണ്ട നിര തന്നെ സൃഷ്ടിച്ചു. സെഷന്റെ അവസാനം ഓരോ ടീമിനോടും അവരുണ്ടാക്കിയ രൂപങ്ങളെ ചുറ്റിപ്പറ്റി ഒരു കഥയുണ്ടാക്കി അവതരിപ്പിക്കാൻ പറഞ്ഞു. ആ നിമിഷത്തിൽ പിറന്നുവീണ കഥകളിൽ പലതും സുന്ദരമായിരുന്നു. എന്നെ സംബന്ധിച്ച് കുട്ടിക്കാലത്തെ ഓർമ്മകളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു അത്. 

കളിമണ്ണിന്റെ പശിമയിൽ മുഴുകിയ കുട്ടികൾ 

കുശവന്റെ ചക്രത്തിലേക്ക് കണ്ണും നട്ട് (ഫോട്ടോ കടപ്പാട് ശരത് കെ. ആർ.) 

മാലിന്യത്തിൽ നിന്ന് മികവിലേക്ക്?

അഹല്യ ഹെറിറ്റേജ് കാമ്പസിൽ വെറുതെ കിടക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ തിരഞ്ഞെടുത്ത് കുട്ടികളോട് കടലാസിൽ ക്രിയാത്മകമായ എന്തെങ്കിലും നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. അവരുടെ ചില കലാസൃഷ്ടികൾ കുട്ടികൾ പ്രകൃതി മാതാവിനോട് എത്രമാത്രം അടുപ്പമുള്ളവരാണെന്ന് എന്ന കാര്യം പ്രതിഫലിച്ചു – അവരെ രസിപ്പിച്ച ഋതുഭേദങ്ങളും ജീവിതങ്ങളും അവയിൽ തെളിഞ്ഞുനിന്നു. തെങ്ങിൻ നാരുകൾ, തെങ്ങ് പോളകൾ മുതൽ ഉണങ്ങിയ ഇലകൾ വരെ അവരുടെ ചിത്രത്തിന് വ്യത്യസ്ത ഷേഡുകൾ നൽകാൻ അവർ ഉപയോഗിച്ചു.

പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് സൃഷ്ടിച്ച പ്രദർശന വസ്തുക്കളുടെ ഒരു സാമ്പിൾ

നദിയുമായൊരു ചങ്ങാത്തം!

രഥോത്സവങ്ങൾക്കും സംഗീതത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട പാലക്കാട്ടെ ബ്രാഹ്മണ ഗ്രാമമായ കൽപ്പാത്തി ഗ്രാമത്തിലേക്കാണ് കുട്ടികളെ പിന്നീട് കൊണ്ടുപോയത്. നദിയെ ആശ്രയിക്കുന്നത് ദരിദ്രരും താഴ്ന്ന ജാതിക്കാരുമായ സമൂഹങ്ങൾ മാത്രമല്ല, പാലക്കാട്ടെ ബ്രാഹ്മണ കുടുംബങ്ങളെയും ഈ നദി നിലനിർത്തുന്നുവെന്ന് അവർ കണ്ടു. നദിയുടെ തീരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങൾ, വൻകിട ഫാക്ടറികൾ മാത്രമല്ല, വ്യക്തികളുടെ അടുക്കളകൾ പോലും നദി മലിനമാകുന്നത് എങ്ങനെയെന്ന് യുവാക്കളെ അറിയിക്കാനായി. ഗാർഹിക മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ നദിക്ക് സംഭവിക്കുന്ന ദോഷങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും അയൽക്കാരെയും ബോധവൽക്കരിച്ച് നദിയുടെ നാശം തടയാൻ വ്യക്തികൾ എന്ന നിലയിൽ തങ്ങൾക്കും കഴിയുമെന്ന് അവർ മനസ്സിലാക്കി.

കൽപ്പാത്തി ഗ്രാമത്തിൽ നിള നദിയുടെ തീരത്ത് തള്ളിയ ഗാർഹിക മാലിന്യം

കുട്ടികൾ കുട്ടികളായത് അതിവേഗമായിരുന്നു. സങ്കടകരമായ കാഴ്ചകൾ മറന്ന്, കളിക്കാനും വെള്ളം തെറിപ്പിക്കാനും കുളിക്കാനുമുള്ള ആവേശത്തിൽ അവർ നദിയിലേക്ക് പാഞ്ഞു. അതിവേഗം കുറച്ച് മത്സ്യബന്ധന വലകളും നിർമ്മിച്ചു! സമ്മർ ക്യാമ്പിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഓർക്കാൻ ആവശ്യപ്പെട്ടപ്പോൾ ഓരോ ടീമും നദിയിൽ കളിച്ച് ചെലവഴിച്ച സമയത്തെക്കുറിച്ച് സംസാരിച്ചു എന്നതിൽനിന്ന് ഈ പ്രവർത്തനത്തിനം അവരിലുണ്ടാക്കിയ മാറ്റം അളക്കാൻ കഴിയും. കുട്ടികളിലും യുവാക്കളിലും പ്രകൃതിയുമായി ബന്ധം ഉണ്ടാക്കുവാനും അതിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കാനും അവരെ പ്രകൃതിയുമായി ശാരീരികമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഉറപ്പാക്കിയ ഒരു സംഭവമായിരുന്നു ഇത്. 

രസിച്ചു തിമിർത്ത് 

നിളയുടെ മടിയിൽ തലചായ്ച്ച്

കോലം വരയ്ക്കൽ 

ക്യാമ്പിലെ പ്രവർത്തനങ്ങൾ പാരിസ്ഥിതിക വശങ്ങളിൽ മാത്രമല്ല, ഭാരതപ്പുഴ പരിപോഷിപ്പിക്കുന്ന സാംസ്കാരിക വശങ്ങളിലും ഊന്നൽ കൊടുത്തു. രാവിലെ കുളിച്ച് തയ്യാറായയുടനെ തന്നെ കോലം വരയ്ക്കുന്നത് എങ്ങിനെയെന്ന് കുട്ടികളെ പരിചയപ്പെടുത്തി, എങ്ങിനെയാണ് ബ്രാഹ്മണസ്ത്രീകൾ അവരുടെ മുറ്റത്ത് അരിപ്പൊടി കൊണ്ട് മനോഹരവും സങ്കീർണ്ണവുമായ ചിത്രങ്ങൾ വരക്കുന്നത് എന്നതിനെപ്പറ്റി അവർക്ക് അറിവു ലഭിച്ചു. ഇത് ഉറുമ്പുകൾക്ക് ഭക്ഷണം നൽകാനുള്ള ഒരു മാർഗമാണെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകവഴി, ചെറിയ ജീവജാലങ്ങളെപ്പോലും പരിഗണിക്കുന്ന ഇവിടുത്തെ സംസ്കാരം അവർക്ക് പരിചയപ്പെടുത്തി!

കുട്ടികൾ കോലം വരയ്ക്കാൻ ശ്രമിക്കുന്നു

നാടൻപാട്ടുകളിലൂടെ 

സജീവും സംഘവും ആലപിച്ച നാടൻ പാട്ടുകളുടെ ആവിഷ്‌കാരം, താളത്തിനൊത്ത് പാടിയും നൃത്തം ചെയ്തും കുട്ടികൾ ആഘോഷമാക്കി . നിളാ നദിയുടെ തീരത്ത് കണ്ടെത്തിയ മുളയും മറ്റും ഉപയോഗിച്ച് നിർമ്മിച്ച വിവിധ വാദ്യോപകരണങ്ങളെക്കുറിച്ചും നാടൻപാട്ട് യൂണിറ്റ് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. 


വയലിയുടെ നാടൻ പാട്ട് സംഘം (ഫോട്ടോ കടപ്പാട് ശരത് കെ. ആർ.)

 

ഒഴുക്കുനിലയ്ക്കാതെ

മുമ്പ് സൂചിപ്പിച്ചതുപോലെ, കുട്ടികൾക്കിടയിൽ നേതൃത്വം വളർത്തിയെടുക്കുന്നതിലൂടെയാണ് ഈ പ്രവർത്തനം നിലനിർത്താൻ AlterSchool ഉദ്ദേശിക്കുന്നത്. അവർ പരിശീലിപ്പിച്ച ഗ്രൂപ്പിലെ യുവതീയുവാക്കളെ തുടർച്ചയായി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തികൊണ്ടാണ് അവർ ഇത് ചെയ്യുന്നത്. ഉദാഹരണത്തിന്, അഭിരാമിയേയും ശ്രീലക്ഷ്മിയേയും അവസാനദിവസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നിർവ്വഹിക്കുന്നതിനും, ടീമുകളെ നയിക്കുന്നതിനുമായി ചുമതലപ്പെടുത്തി. അതിനൊപ്പം കുട്ടികൾക്കിടയിൽ രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളെ സമ്മർ ക്യാമ്പ് നടത്തുന്നതിനുള്ള വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനായി പ്രേരണ നൽകി. 

അഹല്യ ഹെറിറ്റേജിന്റെതല്ല, അവരുടെ സ്വന്തം സമ്മർ ക്യാമ്പാണെന്ന് അഞ്ചുദിവസത്തെ ക്യാമ്പിൽ ഉടനീളം കുട്ടികളെ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. ക്യാമ്പിന്റെ നടത്തിപ്പ് കുട്ടികൾതന്നെ സാവധാനം ഏറ്റെടുക്കുന്ന തരത്തിലുള്ള മനോഹരമായ ഒരു പരിശീലനമായിരുന്നു ഇത്. സ്റ്റേജ് ഷോകളുടെ കാര്യത്തിൽ, ശബ്ദവും വെളിച്ചവും ക്രമീകരിച്ച്, ഉചിതമായ സമയത്ത് ലൈറ്റുകൾ ഓഫാക്കുകയും ഓണാക്കുകയും ചെയ്യുന്നുണ്ടെന്ന് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ഉറപ്പാക്കേണ്ടതുണ്ട്; എല്ലാവരും കൃത്യസമയത്ത് ഉണർന്നുവെന്നും ദിവസത്തെ പരിപാടികൾ ആരംഭിക്കാൻ കാലതാമസമില്ലെന്നും വേക്ക്-അപ്പ് കമ്മിറ്റി ഉറപ്പാക്കേണ്ടതുണ്ട്; പ്രവർത്തനങ്ങൾ അവസാനിച്ചതിന് ശേഷം ആക്ടിവിറ്റി ഹാളും ഡൈനിംഗ് ഹാളും വൃത്തിയായി കിടക്കുന്നുവെന്നും എല്ലാവരും അവരുടെ പ്ലേറ്റുകൾ കഴുകി മാലിന്യങ്ങൾ ബിന്നുകളിൽ വേർതിരിച്ചുവെന്നും ശുചീകരണ സമിതി ഉറപ്പാക്കണം. ഫുഡ് കമ്മിറ്റി അംഗങ്ങൾക്ക് ഭക്ഷണം ക്രമീകരിക്കാനും മറ്റുള്ളവർക്ക് വിളമ്പാനുമുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്നു, എന്താണ് വേണ്ടതെന്ന് തീരുമാനിക്കുകയും കാറ്റററെ അറിയിക്കുകയും ചെയ്യലും അവരുടെ ഉത്തരവാദിത്വമായിരുന്നു; ആർട്ട് ആൻഡ് ക്രാഫ്റ്റ് കമ്മിറ്റിക്ക് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സാമഗ്രികളും സൂക്ഷിക്കുകയും ഉപയോഗത്തിന് ശേഷം അവ വീണ്ടും പെട്ടികളിലേക്ക് തിരികെ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ടായിരുന്നു; ഇവയ്ക്ക് പുറമെ സാംസ്കാരിക സമിതിയും ഉണ്ടായിരുന്നു. കുട്ടികൾ തങ്ങൾക്കനുവദിച്ച ഉത്തരവാദിത്തങ്ങളോടും ചുമതലകളോടും എങ്ങനെ പ്രശംസനീയമാംവിധം പ്രതികരിക്കുന്നുവെന്നതും, അവരുടെ സബ്കമ്മിറ്റികൾക്കുള്ളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്നത്തിലുള്ള ദീർഘവീക്ഷണം ഇവയെല്ലാം എന്നെ അത്ഭുതപ്പെടുത്തി. ഈ കുട്ടികളിൽ ഭൂരിഭാഗവും എല്ലാ വർഷവും സമ്മർ ക്യാമ്പുകളിൽ പതിവായി പങ്കെടുക്കാറുണ്ടെന്ന് ഞാൻ പിന്നീട് കണ്ടെത്തി. സ്ഥിരമായി പങ്കെടുക്കുന്നവരെ വയലി നടത്തുന്ന നദീസംരക്ഷണ പരിപാടികളിൽ ഉൾപ്പെടുത്തി, നേതൃഗുണങ്ങൾ വളർത്തിയെടുക്കാനും വർഷങ്ങൾ കഴിയുന്തോറും വലിയ ജോലികളും ഉത്തരവാദിത്തങ്ങളും ഏൽപ്പിക്കാനും AlterSchool പദ്ധതിയിടുന്നു. അങ്ങനെ, നിളാനദി ജന്മം നൽകിയതും നിലനിർത്തിയതുമായ പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കാൻ സഹായിക്കുന്ന യുവജന സന്നദ്ധപ്രവർത്തകരുടെ സ്ഥിരമായ ഒരു ഒഴുക്ക് അവർ ഉറപ്പാക്കുന്നു.

ഭാവി പ്രവർത്തനങ്ങൾ

കുട്ടികളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഈ മോഡ്യൂൾ മെച്ചപ്പെടുത്തി നിളാ നദിയുടെ തീരത്തെ പത്ത് സ്‌കൂളുകളിൽ നൽകാനാണ് ആൾട്ടർസ്‌കൂൾ പദ്ധതിയിടുന്നത്. ഇതിന് മുൻകാലങ്ങളിൽ സ്‌കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾ സഹായകമാകും. മൊഡ്യുളുകൾ നൽകിയ ശേഷം അധ്യാപകർക്കായി ഒരു ട്രെയിനിങ് വർക്ക്‌ഷോപ്പും നടത്താൻ ഉദ്ദേശിക്കുന്നു. മോഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഒരു അക്കാദമിക് വർഷം മുഴുവൻ നടത്തി തുടർച്ചയായ പരിചയപ്പെടുത്തലിലൂടെ ആ മൂല്യങ്ങൾ അവരിലേക്ക് ആഴത്തിൽ എത്തിക്കുക എന്ന തത്വശാസ്ത്രമാണ് നടപ്പിലാക്കുന്നത്. ഡിസംബറിൽ നിലവിലെ സ്‌കൂളുകളിൽ ഒരു റിവ്യൂ സെഷൻ നടത്തി മോഡ്യൂൾ മെച്ചപ്പെടുത്തി കൂടുതൽ സ്കൂളുകളിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. വരുന്ന 3-4 വർഷങ്ങൾ കൊണ്ട് ഭാരതപ്പുഴയുടെ തീരത്തെ 131 ഗ്രാമപഞ്ചായതുകളിലായി 170 സർക്കാർ എയ്ഡഡ് സ്കൂളുകളിലായി പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്ന് വയലി വിശ്വസിക്കുന്നു. ഇതേസമയം മുതിർന്ന പരിസ്ഥിതി വിദ്യാഭ്യാസ ശാസ്ത്ര പ്രവർത്തകർക്കു പകരം സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി ഒരു ഭാരതപ്പുഴ കൺവെൻഷൻ നടത്തണമെന്നും വയലി പദ്ധതിയിടുന്നു.

ഭാവി പദ്ധതികളിൽ ഈ നദി സംരക്ഷണ വിദ്യാഭ്യാസ മൊഡ്യൂളിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകൾക്ക് പ്രാദേശികമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താൻ കഴിയുന്ന ഒരു ഓപ്പൺ സോഴ്‌സ് മെറ്റീരിയലാക്കി മാറ്റുന്നതിനും പദ്ധതിയിടുന്നു. നദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും ഡാറ്റാബേസ് തയ്യാറാക്കി അവരുടെ ഗവേഷണ വിഭാഗമായ TeNAGനെ പുനർനിർമ്മിക്കാനും വയലി പദ്ധതിയിടുന്നു. നിലവിൽ, നിളാനദിയുടെ തീരത്തെ 131 ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന 120 സംഘടനകളുടെ ഡാറ്റാബേസ് അവരുടെ പക്കലുണ്ട്. നിളാനദിയെക്കുറിച്ചുള്ള നിലവിലെ ഡോക്യുമെന്റുകൾ ശേഖരിച്ച് ഒരു നിളാ വിജ്ഞാന കേന്ദ്രം നിർമ്മിക്കാനും അവർ പദ്ധതിയിടുന്നു. ഈ ലക്ഷ്യത്തിൽ, നദിയുടെ വിവിധ തലങ്ങൾ (നദിയിലെ സസ്യശാസ്ത്രം, പക്ഷി ഇനം അല്ലെങ്കിൽ നദി ഭൂഗർഭശാസ്ത്രം) പഠിച്ച പന്ത്രണ്ട് പിഎച്ച്ഡി തീസിസുകൾ അവർ ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഇന്റർനെറ്റിൽ ഓപ്പൺ സോഴ്‌സ് മെറ്റീരിയലായി കിടക്കുന്ന നദിയുടെ ഒരു ഭൂപടവുമായി ബന്ധിപ്പിച്ചിരിക്കും. ഇതിലൂടെ പുഴസംരക്ഷണവുമായി ബന്ധപ്പെടാനാഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളെ, പുഴക്കൂട്ടങ്ങളുടേയും പുഴയാളികളുടേയും പ്രവർത്തകരുമായി ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാകുമെന്ന് വയലി പ്രതീക്ഷിക്കുന്നു.

ആത്യന്തികമായി, യുവതലമുറയെ ഈ നദിയുമായി ബന്ധിപ്പിച്ച്, കേരളത്തിലൂടെ ഒഴുകുമ്പോൾ ഈ നദി പരിപോഷിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക-പാരിസ്ഥിതിക ജീവിതത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കി, ഭാവിയിൽ നദിയെ സംരക്ഷിക്കാൻ പരിശ്രമിക്കുന്ന ഒരു പുതിയ തലമുറയെ സൃഷ്ടിക്കലാണ് വയലിയുടെ പ്രതീക്ഷ. പുതിയ തലമുറ ഒരു ഉപഭോക്തൃ ജീവിതശൈലിയിൽ മുഴുകിയിരിക്കുന്നുവെങ്കിലും ഇത്തരമൊരു വിദ്യാഭ്യാസം പ്രകൃതി മാതാവിനോട് സംവേദനക്ഷമതയുള്ള, അവൾക്ക് മനുഷ്യരാശിക്ക് എന്തെല്ലാം നൽകാനാകുമെന്ന ബോധവാന്മാരായ, നദിയെ മരിക്കാൻ വിടാത്ത യുവാക്കളെ സൃഷ്ടിക്കുമെന്നതാണ് വയലിയുടെ പ്രത്യാശ.

Translated from English to Malayalam by Susruthan.

Read the Tamil translation here.

Contact the author

Story Tags: , , , , , ,

Leave a Reply

Loading...