വികൽപ് സംഗത്തിന് വേണ്ടി പ്രത്യേകം എഴുതിയത് (Specially written for Vikalp Sangam)
(Aanayudeyum Andharudeyum Kathakkappuram)

ആനയും അന്ധരും തമ്മിലുള്ള പഴയൊരു കഥ നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ടാകും. ഒരിക്കൽ ഒരു ഗ്രാമത്തിലേക്ക് ആദ്യമായി ഒരു ആനയെ കൊണ്ടുവരാനിടയായപ്പോൾ, ഗ്രാമവാസികളെല്ലാം തന്നെ ആ ഭീകരജീവിയെ ഒരുനോക്ക് കാണുവാനായി ഒത്തുകൂടി. ആകാംക്ഷയോടെ ഒത്തുകൂടിയ ഗ്രാമീണരിൽ ആറ് അന്ധരും ഉണ്ടായിരുന്നു. ബുദ്ധിമാന്മാരും ജിജ്ഞാസുക്കളുമായ അവർ, തങ്ങൾക്ക് കേട്ടുകേൾവി മാത്രമുള്ള ഈ ജീവിയെ മനസ്സിലാക്കാൻ കൗതുകത്തോടെ ശ്രമിച്ചു.
ഓരോരുത്തരും വ്യത്യസ്ത ഇടങ്ങളിൽനിന്നാണ് ആനയെ സമീപിച്ചത്. ഒന്നാമൻ തന്റെ കൈ അതിന്റെ ശരീരത്തിന്റെ വിശാലമായ ഭാഗത്ത് വെച്ച് പ്രഖ്യാപിച്ചു, “ഈ ജന്തു ഭീമാകാരവും ദൃഡതയുള്ളതുമാണ്, കൃത്യമായി പറഞ്ഞാൽ, ഒരു വലിയ മതിൽ പോലെ!” ആനയുടെ കൊമ്പുകളിലൊന്നിന്റെ മിനുസവും മൂർച്ചയും അനുഭവിച്ച രണ്ടാമൻ വിയോജിച്ചു. “അല്ല, ഇത് നീണ്ടതും, കട്ടിയുള്ളതും, കൂർത്തതുമാണ്. ആന ഒരു കുന്തം പോലെയാണെന്ന് നിസ്സംശയം പറയാം!” ആടുന്ന തുമ്പിക്കൈയിൽ പിടിച്ചിരുന്ന മൂന്നാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങൾ രണ്ടുപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ആന ഒരു വലിയ പാമ്പിനെപ്പോലെ ശക്തവും വഴക്കമുള്ളതുമാണ്!” നാലാമൻ തന്റെ കൈകൾകൊണ്ട് അതിന്റെ ഒരു കാലിനെ പുണർന്നു. “അല്ല, ആന ഒരു മരത്തടി പോലെ ദീർഘവൃത്താകൃതിയിലുള്ളതും ഉയർന്നതുമാണെന്ന് എനിക്ക് വ്യക്തമാണ്!” അഞ്ചാമൻ, ഉയരമേറിയ ആൾ, അതിന്റെ ചെവിയിൽ തലോടി. “ആന നേർത്തതും വീതിയുള്ളതുമാണ്, അത് വായുവിനെ ചലിപ്പിക്കുന്നു. സംശയമേതുമില്ല, ആന ഒരു വിശറി പോലെയാണ്!” ആറാമൻ, അതിന്റെ പരുക്കൻ വാൽ പിടിച്ചുകൊണ്ട് പറഞ്ഞു, “നിങ്ങൾ എല്ലാവരും തെറ്റിദ്ധരിക്കപ്പെടുന്നു. ആന നീണ്ടതും പരുക്കനുമാണെന്ന് ആർക്കും മനസ്സിലാക്കാം, ഒരു ബലമുള്ള കയർ പോലെ!”
നമ്മൾ ഭൂരിഭാഗം പേർക്കുമറിയുന്ന കഥയുടെ പതിപ്പിൽ, തങ്ങളുടെ ഭാഗമാണ് ശരിയെന്ന് അവർ അത്യന്തം മത്സരബുദ്ധിയോടെ , അനന്തമായി വാദിക്കും. എന്നാൽ ഈ പതിപ്പിൽ, മറ്റൊരു രംഗം അരങ്ങേറുന്നു. അവർ വഴക്കിടുന്നില്ല. പകരം, ചിന്താപൂർവ്വമായ നിശബ്ദതയിൽ അവർ ഒരുമിച്ചിരിക്കുന്നു.
ഒടുവിൽ അവരിലൊരാൾ മൗനം ഭഞ്ജിച്ചു. “നമ്മൾ ഓരോരുത്തരും സത്യമായ എന്തോ ഒന്ന് അനുഭവിച്ചു, പക്ഷേ നാമെല്ലാവരും വ്യത്യസ്തമായ കാര്യങ്ങളാണ് വിവരിച്ചത്. ഇതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്, ആന നമ്മളോരോരുത്തരും മനസ്സിലാക്കിയതിനേക്കാൾ സങ്കീർണ്ണമാണെന്ന്. നാമനുഭവിച്ചതെല്ലാം നമുക്ക് വീണ്ടും പങ്കുവയ്ക്കാം, എന്നിട്ടവ തമ്മിൽ ചേരുന്നുണ്ടോയെന്ന് നമുക്ക് പരിശോധിക്കാം.”
അങ്ങനെ അവർ സംസാരിച്ചുതുടങ്ങി. “താങ്കൾ ഒരു മതിലിനെക്കുറിച്ചാണ് പറഞ്ഞത്, അത് പരന്നതും വിശാലവുമായിരുന്നോ?” “അതെ, നിങ്ങളുടെ മരക്കൊമ്പ് ഈ മതിലിനെ ഉയർത്തിപ്പിടിച്ച തൂണുകളിൽ ഒന്നായിരുന്നുവോ?” “നിങ്ങളുടെ പാമ്പ്, അതിന്റെ ഉത്ഭവം ഈ മതിലിൽ നിന്നായിരുന്നോ?” “അതെ, അതിനടുത്തായി നിങ്ങൾ വിവരിച്ച മിനുസമാർന്ന കുന്തങ്ങൾ ഉണ്ടായിരുന്നു.” “അവയ്ക്ക് മുകളിലായിരുന്നു, വായു ചലിപ്പിച്ചുകൊണ്ടിരുന്ന വിശറി.” “എന്റെ കയർ, അതേറ്റവും അറ്റത്ത്, നിങ്ങൾ പറഞ്ഞ കുന്തങ്ങൾക്കും പാമ്പിനും എതിർവശത്തായിരുന്നു.”
ഓരോന്നോരോന്നായി, അവർ തങ്ങളുടെ ഭാഗിക സത്യങ്ങളെ ഒരു പൊതുധാരണയിലേക്ക് തുന്നിച്ചേർത്തു. ആന ഒരു മതിൽ പോലെയല്ല, മറിച്ച് മതിൽ പോലുള്ള വശമാണത്തിനുള്ളതെന്ന് അവർ മനസ്സിലാക്കി. അത് ഒരു കുന്തം പോലെയല്ല, മറിച്ച് കുന്തം പോലുള്ള കൊമ്പുകളാണതിനുള്ളതെന്നും, എന്നങ്ങനെ. ഈ എല്ലാ ഭാഗങ്ങളും ചേർന്ന അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന, അവയെ ചലിപ്പിക്കുന്ന, ജീവനാണതിനുള്ളതെന്നും. ഒറ്റയ്‌ക്കൊറ്റയ്ക്കായി ഒരു സംഗതിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ പരിമിതിയുണ്ടെന്നും, അതേ സമയം കൂട്ടായ ധാരണയിലേക്കെത്തുന്ന പ്രക്രിയ അതിരുകളില്ലാത്തതുമാണെന്ന് അവർ മനസ്സിലാക്കി.
ഓരോരുത്തരും വ്യക്തിഗതമായി ശരിയാകുന്നതിലല്ല, മറിച്ച് അവരിൽ ആർക്കും ഒറ്റയ്ക്ക് ഗ്രഹിക്കാൻ കഴിയാത്തത്ര വലുതായ ഒരു യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കൂട്ടായ ധാരണയിലേക്ക് അവരുടെ വ്യക്തിഗത സത്യങ്ങളെ നെയ്തെടുക്കുന്നതിലായിരുന്നു അവരുടെ ശക്തി. അങ്ങനെ എതിരാളികളായല്ല, മറിച്ച് സഖ്യകക്ഷികളായാണ് പോയത്, കൂട്ടായ ജ്ഞാനത്താൽ അവരുടെ വ്യക്തിഗത അറിവ് ആഴത്തിലായി.
വിവിധ ശബ്ദങ്ങളുടെ സംഗമത്തിനുള്ള ഒരു പാഠം
ചൂഷണാത്മകമായ മുഖ്യധാരാ മാതൃകകൾക്ക് ബദലുകൾ നിർമ്മിക്കുന്നതിനായി വിവിധ സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന വികൽപ് സംഗത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം, ഈ കഥ ശക്തമായ ഒരു രൂപകമാണ്. ഓരോ അംഗ സംഘടനയും മേൽപ്പറഞ്ഞ ജ്ഞാനികളായ വ്യക്തികളെപ്പോലെയാണ്: ഉത്സുഹരും, സമർത്ഥരും, അവരവരുടെ ദൗത്യത്തിൽ പ്രതിജ്ഞാബദ്ധരും.
ഉദാഹരണത്തിന്, പാരിസ്ഥിതിക പുനഃസ്ഥാപനകർക്ക് ആനയുടെ “തുമ്പിക്കൈ” അനുഭവപ്പെടുന്നു; ആവാസവ്യവസ്ഥയുടെ അധോഗതിയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അടിയന്തിരമായ പ്രതിസന്ധി. ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും വക്താക്കൾക്ക് “കാൽ” അനുഭവപ്പെടുന്നു; നീതിയുക്തമായ സാമൂഹികസ്ഥിതിയെ പിന്തുണയ്ക്കുന്ന സാമൂഹികാരോഗ്യമെന്ന അടിസ്ഥാന സ്തംഭം. ബദൽ വിദ്യാഭ്യാസ സംഘടനകൾക്ക് “കൊമ്പ്” അനുഭവപ്പെടുന്നു; ചൂഷണാത്മകമായ മാതൃകകളെ തകർക്കുന്നതിനും പുതിയ വിജ്ഞാന സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മൂർച്ചയുള്ള ഉപകരണം. കലാ-സാംസ്കാരിക കൂട്ടായ്മകൾക്ക് “ചെവി” അനുഭവപ്പെടുന്നു; ആവിഷ്കാരത്തിന്റെയും കഥപറച്ചിലിന്റെയും ആവശ്യകത, സമൂഹജ്ഞാനത്തെ ആഴത്തിൽ കേൾക്കൽ, ജനവിദ്യയെ മനസ്സിലാക്കൽ, എന്നിവ. ഭരണ-ജനാധിപത്യ സംബന്ധിയായ സംഘടനകൾക്ക് “വാൽ” അനുഭവപ്പെടുന്നു; കേന്ദ്രീകൃത നിയന്ത്രണങ്ങൾ ഇല്ലാതാക്കാനും, വികേന്ദ്രീകൃതമായ ഭരണവും പൗരപങ്കാളിത്തത്തോടെയുള്ള തീരുമാനമെടുക്കലും പ്രാപ്തമാക്കാനും, ശക്തിയുള്ള ഒരു ഉപകരണം. സുസ്ഥിര കൃഷിയിലും സുരക്ഷിത ഭക്ഷണത്തിലും പ്രവർത്തിക്കുന്ന കൂട്ടായ്മകൾക്ക് ആനയുടെ “വശം” അനുഭവപ്പെടുന്നു; എല്ലാത്തിനും അടിസ്ഥാനമായ നമ്മുടെ ഭക്ഷ്യ സംവിധാനങ്ങളുടെ യാഥാർത്ഥ്യം.
അവരവരുടെ കുമിളകളിൽ കഴിഞ്ഞുകൊണ്ട് “പാരിസ്ഥിതിക പുനരുജ്ജീവനമായിരിക്കണം മുൻഗണന”, “യഥാർത്ഥ മാറ്റം വിദ്യാഭ്യാസത്തിൽ നിന്നാണ് ആരംഭിക്കുന്നത്!”, “ആരോഗ്യമില്ലാതെ മറ്റൊന്നിനുവേണ്ടിയും പ്രയത്നിച്ചിട്ട് കാര്യമില്ല”, എന്നെല്ലാം സ്വന്തം സത്യത്തിനായി വാദിക്കുക എളുപ്പമാണ്. ഈ സാഹചര്യത്തിലാണ്, ആനയുടെയും അന്ധരുടെയും കഥയിലെന്ന പോലെ കൂട്ടായ അർത്ഥരൂപീകരണത്തിന് വേണ്ടി വികൽപ് സംഗം രൂപം കൊണ്ടിട്ടുള്ളത്. ഒരുമിച്ച് ഇരിക്കാനും സംവദിക്കാനും പ്രവർത്തിക്കാനും ഉള്ള ഇടങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
അത്തരത്തിലുള്ള സഹകരണാത്മകമായ ഒരു ഇടത്തിലേക്ക് നമുക്കെങ്ങനെ നീങ്ങാം?
1. ഭാഗിക സത്യങ്ങളെ ഉൾക്കൊള്ളുക: “വിദ്യാഭ്യാസം/പരിസ്ഥിതി/ആരോഗ്യം എന്നീ മേഖലയിലെ ഞങ്ങളുടെ പ്രവർത്തനകോണിൽ നിന്ന് ഞങ്ങൾ കാണുന്ന സത്യം ഇതാണ്” എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങാം. അതോടൊപ്പം മറ്റുള്ളവരുടെ അവരവരുടെ മേഖലകളിലെ വീക്ഷണങ്ങളിൽ നിന്നുമുള്ള സത്യങ്ങളെ അംഗീകരിച്ചുകൊണ്ടും.
2. ജിജ്ഞാസയും ശ്രദ്ധയും പ്രകടിപ്പിക്കുക: ഇനി നിർണായകമായ ചോദ്യങ്ങൾ ചോദിക്കേണ്ട അവസരമാണ്. “നിങ്ങളുടെ പ്രവർത്തനകോണിൽ നിന്ന് എന്താണ് നിങ്ങൾ കാണുന്നത്? അതെങ്ങനെ ഞങ്ങളുടെ അനുഭവവും കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നു?” ജൈവകർഷകർ അവലംബിക്കുന്ന കൃഷിരീതി സാമൂഹികാരോഗ്യമായി ബന്ധപ്പെട്ടതാണെന്ന് ഒരു ആരോഗ്യ പ്രവർത്തകൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. ഇത്തരത്തിൽ, വികേന്ദ്രീകൃത സൗരോർജ്ജ പദ്ധതികൾ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും എങ്ങനെ പ്രാപ്തമാക്കുന്നുവെന്ന് ഒരു ഊർജ്ജ പ്രവർത്തകനും മനസ്സിലാക്കുന്നു.
3. ആനയെ ഒന്നായി വരയ്ക്കുക: ഇത്തരത്തിലുള്ള സംഭാഷണങ്ങളിലൂടെ, നമ്മൾ ആനയെ പൂർണമായി വരയ്ക്കാൻ തുടങ്ങുന്നു. നീതിയുക്തവും സുസ്ഥിരവുമായ ഇന്ത്യയാണ് ഈ ആനയുടെ പൂർണ്ണരൂപമെന്ന് നാം മനസ്സിലാക്കുന്നു. ഓരോ മേഖലയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും പരസ്പരാശ്രിതവുമാണെന്നും, ഒന്നിലെ മാറ്റം മറ്റുള്ളവയെയെല്ലാം ബാധിക്കുന്നുവെന്നും നാം മനസ്സിലാക്കുന്നു.
4. കൂട്ടായ ആഖ്യാനം തയ്യാറാക്കുക: ഇത് നമ്മുടെ വൈവിധ്യമാർന്ന പാതകളെ കൂടുതൽ വലുതും ശക്തവുമായ ഒരു ദർശനത്തിലേക്ക് വിന്യസിക്കാൻ അനുവദിക്കുന്നു; ബഹുത്വം, ഐക്യദാർഢ്യം, പാരിസ്ഥിതിക ജ്ഞാനം എന്നിവയുടെ ദർശനം. അവിടെ ക്ഷേമം വിഭജിക്കപ്പെടുന്നില്ല, മറിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ, തുല്യ സമ്പദ്‌വ്യവസ്ഥകൾ, ഊർജ്ജസ്വലമായ സമൂഹങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഏകീകൃത ലക്ഷ്യമായി മാറുന്നു.
അതുപോലെ, വികൽപ് സംഗം എന്ന പ്രക്രിയ അതിന്റെ അംഗങ്ങളുടെ ആകെത്തുകയേക്കാൾ വലിയ ഒരു ആഖ്യാനം സൃഷ്ടിക്കുന്നു. ആന അതിന്റെ ശരീരഭാഗങ്ങളുടെ ആകെത്തുകയേക്കാൾ അർത്ഥമുള്ള ഒന്നാണെന്നപോലെ, അവയെ ബന്ധിപ്പിക്കുന്ന ഒരു ജീവൻ അതിനുള്ളപോലെ, ബദലുകളുടെ ഈ സംഗമവും ലോകവുമായി ഇടപഴകുന്ന ജീവനുള്ളതും ചലനാത്മകവുമായ പ്രക്രിയയാണ്. ഇത് വിവിധ സംഘടനകളുടെ ഏകോപിത പ്രവർത്തനത്തിനും വിദഗ്ധമായ സഹകരണത്തിനുമുള്ള ഇടമൊരുക്കുന്നു. അവിടെ ഒരു സംഘടനയുടെ വിജയം ബദലുകളുടെ ആവാസവ്യവസ്ഥയെ മൊത്തത്തിൽ ശക്തിപ്പെടുത്തുന്നു. വികൽപ് സംഗത്തിന്റെ ലക്ഷ്യം എല്ലാവരും ഒരേ കാര്യം ചെയ്യുക എന്നതല്ല, മറിച്ച് ഓരോ അംഗവും അവരവരുടെ പ്രവർത്തനം ഒരു വിശാലമായ പ്രവർത്തനത്തിന്റെ നിർണായക ഭാഗമാണെന്ന് മനസ്സിലാക്കി പെരുമാറുക എന്നതാണ്. നമ്മളുടെ ആഖ്യാനങ്ങൾ ഒന്നിപ്പിക്കുന്നതിലൂടെ, നാം വിഭാവനം ചെയ്യുന്ന ഭാവി ഒന്നിച്ച് നെയ്യുന്ന ഒരു പ്രക്രിയയിലേക്ക് നമ്മൾ എത്തിപ്പെടുന്നു.
ലേഖകൻ തന്നെ എഴുതിയ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ വായിക്കാം: https://vikalpsangam.org/article/beyond-the-elephant-and-the-blind-men-a-story-of-collective-sense-making/
എഴുതിയത്: ആഷിക് കൃഷ്ണൻ
About the author:
ആഷിക് കൃഷ്ണൻ ഒരു വിദ്യാഭ്യാസപ്രവർത്തകനും വെഞ്ച്വർ സോഷ്യലിസ്റ്റുമാണ്. ട്രാവലേഴ്സ് യൂണിവേഴ്സിറ്റിയുടെയും ലേണിംഗ് സിറ്റി തൃശ്ശൂരിന്റെയും സഹസ്ഥാപകൻ എന്ന നിലയിൽ ആഷിക് അനുഭവവേദ്യപഠന പരിപാടികൾ രൂപകൽപ്പന ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. വികൽപ് സംഗം പ്രക്രിയയുമായും ആഷിക് ബന്ധപ്പെട്ടിരിക്കുന്നു.
എഴുത്തുകാരനുമായി ബന്ധപ്പെടാൻ: [email protected]